ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെലന്‍ കെല്ലര്‍ ദിനാചരണം സംഘടിപ്പിച്ചു. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ അനുസ്മരിച്ചുകൊണ്ട് പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജല വിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ റവ. ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ പി.എസ്, കെ.എസ്.എസ്.എസ് അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള കുട്ടികളെ ആദരിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിന് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് അസ്സി. പ്രൊഫസര്‍ അനില സി. ഈപ്പന്‍ നേതൃത്വം നല്‍കി. അന്ധബധിര വൈകല്യമുള്ളവരുടെയും മറ്റ് ഇതര ഭിന്നശേഷിയുള്ളവരുടെയും അവകാശ സംരക്ഷണത്തോടൊപ്പം ആനുകൂല്യങ്ങളുടെ ലഭ്യമാക്കലിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദിനാചരണത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനത്തിനായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററിലും കടുത്തുരുത്തി പൂഴിക്കോല്‍ മര്‍ത്താ ഭവനിലും അന്ധബധിര റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.